കാഞ്ഞിരപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.ആര് രാജന് സാധ്യത

കോട്ടയം: കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.ആര് രാജന് സാധ്യത. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ കെ.ആര് രാജന് കെ.പി.സി.സി സര്‍വേകളില്‍ മുന്‍തൂക്കം നേടിരുന്നു. എന്‍.എസ്.എസുമായും ക്രിസ്ത്യന്‍ സഭകളുമായും പുലര്‍ത്തുന്ന ബന്ധവും പ്രദേശിക താല്പര്യത്തില് അദ്ദേഹത്തിനുള്ള സ്വാധീനവും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്.
വാഴൂര്‍ എന്‍.എസ്.എസ് കോളജ് യൂണിയന് ചെയര്‍മാനായി പൊതു പ്രവര്‍ത്തന രംഗത്ത് തുടക്കമിട്ട കെ.ആര് രാജന് തുടര്‍ച്ചയായി മൂന്നു വര്‍ഷം കേരള യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായിരുന്നു. കേരള സര്‍വകലാശാലാ യൂനിയന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, കെ.എസ്.യു കോട്ടയം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കെ.എസ്.യു (എസ്) സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെകട്ടറി തുടങ്ങിയ നിലകളിലുള്ള പ്രവര്‍ത്തന പരിചയവും പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനവും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്.
ഏറ്റുമാനൂര്‍ സീറ്റിലെ സാധ്യത മങ്ങിയതിനാല്‍ ലതികാ സുഭാഷ് കാഞ്ഞിരപ്പള്ളി സീറ്റിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇരിക്കൂറില്‍ നിന്ന് മാറി മത്സരിക്കാനൊരുങ്ങുന്ന കെ.സി ജോസഫും ഈ സീറ്റിനായാണ് ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കെ.സി ജോസഫിനെതിരേ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ കാഞ്ഞിരപ്പള്ളിയിലെ അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിലെ എന്‍. ജയരാജ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ജയിച്ചത് മണ്ഡലത്തിലെ നിര്‍ണായകമായ എന്‍.എസ്.എസ് വോട്ടുകള്‍ നേടിയായിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിനൊപ്പമായതോടെ എന്‍.എസ്.എസിന് ജയരാജിനോടുള്ള താല്‍പ്പര്യം കുറഞ്ഞിട്ടുണ്ട്. ഈ വോട്ടുകളും കെ.ആര് രാജന് നേടിയെടുക്കാനാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.