Kerala NewsLatest News

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന, മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല, ജോസ് കെ മാണിക്കെതിരെ ഉമ്മന്‍ ചാണ്ടി

തിരവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ഇത്തരമൊരു തീരുമാനം മാണിയുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ലെന്നും മാണിയുടെ ആത്മാവ് പോലും പൊറുക്കില്ലെന്നും പറഞ്ഞു.

ബാര്‍ കോഴ വിഷയത്തില്‍ കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനേയും സിപിഎം വേട്ടയാടിയിട്ടില്ല. മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസത്തില്‍ സിപിഎമ്മിനെതിരെ യുഡിഎഫ് ശക്തമായി പോരാടി. മാണിക്കെതിരെ അന്ന് നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ പാപ്പരത്വമാണെന്നും അദ്ദേഹം പരിഹസിച്ചു.

സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്. മാണി പ്രധാന പങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിയവയെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു. കര്‍ഷകരെ വര്‍ഗ ശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button