രാജസ്ഥാന് 13 റൺസ് തോൽവി

ഐപിഎല്ലില്‍ ഡെൽഹിക്കെതിരെ രാജസ്ഥാന് റോയല്‍സിന് 13 റണ്‍സിന്റെ തോൽവി. വിജയം ഉറപ്പിച്ച ശേഷം അവിശ്വസനീയമാം വണ്ണം രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സാണ് റോയല്‍സിന്റെ ടോപ്പ് സ്കോറര്‍.
രാജസ്ഥാന് ഭേദപ്പെട്ട തുടക്കമായിരുന്നു. ബട്ലര് – ബെന്‍ സ്റ്റോക്സ് സഖ്യം രാജസ്ഥാന് 37 റണ്‍സാണ് സമ്മാനിച്ചത്. ഒമ്പത് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് തകര്‍ത്തടിച്ച ബട്ലറെ നോര്‍ജെയാണ് പുറത്താക്കുന്നത്. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സ്മിത്ത് ഒരു റണ്‍സ് എടുത്ത് മടങ്ങി. അശ്വിനായിരുന്നു വിക്കറ്റ്. പിന്നീട് എത്തിയ സഞ്ജു സാംസണ് പതിയെ ആണ് ഇന്നിംഗ്സ് തുടങ്ങിയതെങ്കിലും രണ്ട് സിക്സറുമൊക്കെയായി കളം പിടിക്കവേ താരത്തെ അസര്‍ പട്ടേല്‍ പുറത്താക്കി. 18 പന്തില്‍ നിന്ന് 25 റണ്‍സായിരുന്നു സംഭാവന
പിന്നീട് രാജസ്ഥാന് വിജയപ്രതീക്ഷ നല്കി റോബിന് ഉത്തപ്പ നില ഉറപ്പിച്ചെങ്കിലും 27 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത് ഉത്തപ്പയും മടങ്ങി. ഇതിനിടെ 1 റണ്‍സ് നേടിയ റിയാന്‍ പരാഗ് റണ്ണൗട്ടിലൂടെ പുറത്തായി. പിന്നീട് ഒരു റണ്‍സുമായി ജോഫ്ര ആര്‍ച്ചറും മടങ്ങി. 14 പന്തില്‍ നിന്ന് 18 റണ്‍സുമായി രാഹുല്‍ തെവാട്ടിയയും 4 പന്തില്‍ നിന്ന് 6 റണ്‍സെടുത്ത് ശ്രേയാസ് ഗോപാല്‍ അവസാന ഓവറില്‍ പൊരുതിയെങ്കിലും തോല്‍വിയായിരുന്നു ഫലം.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. 33 പന്തുകളില്‍ നിന്ന് രണ്ടു സിക്സും ആറു ഫോറുമടക്കം 57 റണ്‍സെടുത്ത ധവാന് 43 പന്തുകളില്‍ നിന്നും രണ്ടു സിക്സും മൂന്നു ഫോറുമടക്കം 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഡല്‍ഹിയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായുടെ വിക്കറ്റ് പിഴുത് ജോഫ്ര ആര്‍ച്ചറാണ് ഡല്‍ഹിക്ക് ആദ്യ ആഘാതം ഏല്‍പ്പിച്ചത്.പിന്നാലെ അജിങ്ക്യ രഹാനെ(2) നെയും മൂന്നാം ഓവറില്‍ ആര്‍ച്ചര്‍ പുറത്താക്കി. തുടര്‍ന്നാണ് ധവാന് – ശ്രേയസ് അയ്യര്‍ സഖ്യം ഡല്‍ഹിയെ കരകയറ്റിയത്. മൂന്നാം ഓവറില്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 85 റണ്‍സാണ് ഡല്‍ഹി സ്കോറിലേക്ക് ചേര്‍ത്തത്. 57 റണ്‍സെടുത്ത ധവാനെ പുറത്താക്കി ശ്രേയസ് ഗോപാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ശ്രേയസ് അയ്യര്‍ 53 റണ്‍സെടുത്ത് 16-ാം ഓവറിലാണ് പുറത്തായത്. മാര്‍ക്കസ് സ്റ്റോയ്നിസ് (18), അലക്സ് കാരി (14), അക്ഷര്‍ പട്ടേല്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന് ബൗളര്‍മാരില്‍ തിളങ്ങിയത്.