ലോക്കറിലെ ഒരു കോടി ലൈഫിൻ്റെ കമ്മീഷൻ തുകയല്ല ; സന്ദീപ് നായരുടെ മൊഴി

ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്നും സ്വർണക്കടത്തിലൂടെ ലഭിച്ച തുകയാണെന്നും സന്ദീപ് നായർ കസ്റ്റംസിന് മൊഴി നൽകി. സ്വപ്നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി സംബന്ധിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടിയായ സന്ദീപ് നായരുടെ മൊഴി കേസിൽ വഴിത്തിരിവായേക്കും. പിടിയിലാകുന്നതിന് മുൻപുള്ള സ്വർണക്കടത്തിന് ലഭിച്ച വിഹിതമാണിത്. ഈ പണം വീതം വയ്ക്കുന്നതിനെ തുർന്ന് സ്വപ്നയുമായി തർക്കമുണ്ടായി. വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുള്ള പണമാണിതെന്നാണ് സ്വപ്ന പറഞ്ഞതെന്നും സന്ദീപ് കസ്റ്റംസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ നിർണായക വിവരങ്ങൾ നൽകിയത്.
സ്വപ്ന സുരേഷിന്റെ പേരിലുള്ള ബാങ്ക് ലോക്കറിൽ നടന്ന പരിശോധനയിൽ ഒരു കോടി രൂപയും സ്വർണവും കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുകയാണിതെന്നാ
യിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേ സമയം സന്ദീപ് നായർ നൽകിയ രഹസ്യമൊഴിയും കേസിൽ സുപ്രധാനമാകും. മൊഴി നൽകിയ ശേഷം തനിക്ക് വധഭീഷണിയുണ്ടെന്ന് സന്ദീപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം വിയ്യൂര്‍ ജയിലില്‍ തുടരാനാകില്ലെന്നും ജയില്‍ മാറ്റം വേണമെന്നും സന്ദീപ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. സന്ദീപിൻ്റെ ചുവട് പിടിച്ച് മൂന്നു പേർ കൂടി കേസിൽ മാപ്പുസാക്ഷിയാവാൻ ഒരുങ്ങുകയാണ്.