ടിപ്പറാണ് വരുമാന മാര്‍ഗം, വില്ലേജ് ഓഫീസറുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി ടിപ്പര്‍ ഉടമയും ഭാര്യയും
തിരുവനന്തപുരം: വില്ലേജ് ഓഫീസറുടെ വീട്ടിന് മുന്നില്‍ ആത്മഹത്യ ഭീഷണിയുമായി ടിപ്പര്‍ ഉടമയും ഭാര്യയും. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. 40 ദിവസം മുമ്പ് പിടിയിലായ ടിപ്പര്‍ ലോറി വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണിയുമായി ടിപ്പര്‍ ഉടമയും ഭാര്യയും വില്ലേജ് ഓഫിസറുടെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയായിരുന്നു. കല്ലറ കുറ്റിമൂട് സ്വദേശി ഷൈജുവാണ് കഠിനംകുളം വില്ലേജ് ഓഫീസര്‍ മേരി സുജയുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഭാര്യയുമായി പുത്തന്‍ത്തോപ്പിലെ വില്ലേജ് ഓഫീസറുടെ വീട്ടിലെത്തിയ ഷൈജു ബഹളം ഉണ്ടാക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വില്ലേജ് ഓഫീസര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് കഠിനംകുളം സിഐ അന്‍സാരിയും സംഘവും സംഭവസ്ഥലത്തെത്തി ഷൈജുവിനെ സമാധാനിപ്പിക്കുകയും അവിടെ നിന്ന് പോകാന്‍ ആവിശ്യപ്പെടുകയും ചെയ്തു. ദേശീയപാതയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ട് പോകുന്നതിനിടെയാണ് ജൂണ്‍ 22ന് ഷൈജുവിന്റെ ടിപ്പര്‍ ലോറി കഠിനംകുളം വില്ലേജ് ഓഫീസറുടെ നിര്‍ദേശ പ്രകാരം പൊലീസ് പിടികൂടിയത്.
മതിയായ രേഖകള്‍ ഉണ്ടായിട്ടും ടിപ്പര്‍ വിട്ടുനല്‍കുവാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായില്ലെന്നാണ് ഷൈജു പറഞ്ഞത്. വാഹനം വിട്ടു നല്‍കാന്‍ പല പ്രാവശ്യം വില്ലേജ് ഓഫീസറെയും പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നും തുടര്‍ന്ന് ഷൈജു കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ കോടതിക്ക് കത്ത് നല്‍കി.
തന്റെ വരുമാന മാര്‍ഗമായ ടിപ്പര്‍ ലോറി 45 ദിവസമായി സ്റ്റേഷനില്‍ കിടന്ന് നശിക്കുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും ആത്മഹത്യയല്ലാതെ വേറെ വഴി ഇല്ലെന്നുമാണ് ഷൈജു പറയുന്നത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ തീരുമാനമെടുക്കാന്‍ പൊലീസിന് സാധിക്കില്ലെന്നും സി.ഐ അന്‍സാരി പറഞ്ഞു. സംഭവത്തില്‍ ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്നും അദ്ദേഹം ഷൈജുവിനെ പറഞ്ഞു മനസിലാക്കിയ ശേഷം ഷൈജുവിനെയും ഭാര്യയെയും വീട്ടിലേക്ക് മടക്കി അയച്ചു.