Kerala NewsLatest NewsUncategorized

ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം : നിയമസഭ സംയുക്ത പ്രമേയം പാസാക്കും ; ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും

തിരുവനന്തപുരം : അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ചർച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കർ പരിശോധിക്കുന്നത്. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന് നേരത്തെ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ബിജെപി ഒഴികെ മറ്റു പ്രധാന പാർട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് സഭയിൽ അംഗമില്ലാത്തതിനാൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവൻ എംഎൽഎമാരും ചേർന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക. നേരത്തെ സിഎഎ ബില്ലിനെതിരേയും കേരളനിയമസഭ സംയുക്തമായി പ്രമേയം പാസാക്കിയിരുന്നു.

അതേസമയം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടീലിനെ പിന്തുണച്ച് കൊണ്ട് ബിജെപി കേന്ദ്രനേതൃത്വം രംഗത്ത് എത്തി. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യത്തിൽ ഇന്ന് പ്രതികരിച്ചത്. മതമൗലികവാദികളാണ് ലക്ഷദ്വീപിൽ വികസനം ഉറപ്പ് വരുത്താനായി അഡ്മിനിസ്ട്രേറ്റ‍‍ർ നടപ്പാക്കുന്ന നടപടികളെ എതി‍ർക്കുന്നതെന്ന് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button