നെടുമ്പാശ്ശേരിയില്‍ വീണ്ടും ഹെറോയിന്‍ വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെറോയിന്‍ പിടികൂടി. ദുബായില്‍ നിന്നും വന്ന ടാന്‍സാനിയ സ്വദേശി അഷ്‌റഫ് സാഫിയാണ് ഹെറോയിനുമായി പിടിയിലായത്. ഇയാളില്‍ നിന്ന് നാലരക്കിലോ അതായത് ഏകദേശം രാജ്യാന്തര വിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് കണ്ടെത്തിയത്.
ട്രോളി ബാഗില്‍ പ്രത്യക്ഷത്തില്‍ കാണാത്ത രീതിയില്‍ അറയുണ്ടാക്കി അതില്‍ നാലു പാക്കറ്റുകളാക്കിയാണ് ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. ടാന്‍സാനിയയില്‍നിന്ന് ദുബായിലെത്തിയ ഇയാള്‍ എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തി. ഇയാളെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യല്‍ തുടരുകയുമാണ്. ആര്‍ക്ക് കൈമാറാന്‍ വേണ്ടിയാണ് ഹെറോയിന്‍ കൊണ്ടുവന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അഷ്‌റഫ് കൊച്ചിയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകാന്‍ തീരുമാനിച്ചിരുന്നോ എന്നതിലും വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതോടൊപ്പം രാജ്യാന്തര ലഹരി മാഫിയയ്ക്ക് കൊച്ചിയുമായുള്ള ബന്ധങ്ങളും അന്വേഷിച്ചു വരികയാണെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
സമാനമായ രീതിയില്‍ കഴിഞ്ഞ മാസം ട്രോളി ബാഗില്‍ പ്രത്യേകം അറയുണ്ടാക്കി അഞ്ച് കവറുകളിലായി ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതില്‍ സിംബാബ്വെ സ്വദേശിയെയും പിടികൂടിയിരുന്നു. അന്വേഷണത്തില്‍ അന്താരാഷ്ട്ര ബന്ധമുള്ള നൈജീരിയന്‍ സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്ന് തെളിഞ്ഞിരുന്നു.