HealthLatest NewsNational

മഹാമാരി തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടു; രാജിവെച്ചു കോവിഡ് ഉപദേശസമിതി തലവന്‍

ദില്ലി: പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പാനല്‍ അധ്യക്ഷ പദവി രാജിവച്ചു. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളെ കുറിച്ച്‌ പഠിക്കുന്നതിനും കണ്ടെത്തുന്നതിനും സര്‍ക്കാര്‍ ഒരുക്കിയ ശാസ്ത്രീയ ഉപദേശക സമിതി അധ്യക്ഷനായിരുന്നു ഷാഹിദ് ജമീല്‍. കൊറോണ പ്രതിരോധ രംഗത്ത് സര്‍ക്കാരിന്റെ വീഴ്ച അദ്ദേഹം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ രാജിവച്ചത് ശരിയാണെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഡോ. ജമീല്‍ എന്‍ഡിടിവിയോട് പറഞ്ഞു.

വിദഗ്ധ സമിതിക്ക് മേല്‍നോട്ടം വഹിക്കുന്ന ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് ഇതിനോട് പ്രതികരിച്ചില്ല. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു ഡോ. ജമീല്‍. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നേരിടുന്ന വെല്ലുവിളികളായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ഇന്ത്യയില്‍ കൊറോണ പ്രതിരോധ രംഗത്ത് ഒട്ടേറെ വീഴ്ചകളുണ്ടെന്നും ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പരിശോധന കുറവാണ്. വാക്‌സിനേഷനും കുറവാണ്. വാക്‌സിന്‍ ലഭിക്കുന്നില്ല. കൂടുതല്‍ പേര്‍ ആരോഗ്യ രംഗത്ത് ആവശ്യമാണ് എന്നീ കാര്യങ്ങളാണ് അദ്ദേഹം എടുത്തു പറയുന്നത്. ശേഖരിച്ചുവച്ച കൃത്യമായ ഡാറ്റ കൈമാറണമെന്നും വിശദമായ പഠനത്തിന് അത് സഹായിക്കുമെന്നും ഏപ്രില്‍ 30ന് 800 ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല എന്നും ഡോ. ജമീല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

വിനാശം വിതയ്ക്കാന്‍ ശേഷിയുള്ള കൊറോണയുടെ പുതിയ വക ഭേദം സംബന്ധിച്ച്‌ ജമീല്‍ അധ്യക്ഷനായ സമിതിയും ഇന്ത്യന്‍ സാര്‍സ്-കോ-2 ജനറ്റിക്‌സ് കണ്‍സോര്‍ഷ്യവും മാര്‍ച്ച്‌ ആദ്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിമയസഭാ തിരഞ്ഞെടുപ്പില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച്‌ കൂറ്റന്‍ റാലികള്‍, ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുംഭമേള ഉല്‍സവം എന്നീ വിഷയങ്ങളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button