ഇരിങ്ങാലക്കുടയിൽ ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം: ഭർത്തൃമാതാവിനെയും അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുടയിൽ ഗർഭിണി ഭർത്തൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നൗഫലിനു പിന്നാലെ ഭർത്തൃമാതാവ് റംലത്തും പൊലീസ് പിടിയിൽ. പോസ്റ്റ്‌മോർട്ടത്തിൽ, നൗഫൽ ഫസീലയുടെ വയറ്റിൽ (നാഭിയിൽ) ചവിട്ടിയതായി സ്ഥിരീകരിച്ചു. രണ്ടാമത് ഗർഭിണിയായ കാരണത്താലാണ് ക്രൂര പീഡനം ഉണ്ടായത് എന്ന് കണ്ടെത്തി.
ഭർത്താവിന്റെയും അമ്മയുടെയും നിരന്തര പീഡനത്തിൽ നിരാശയായ ഫസീല ജീവനൊടുക്കുന്നതിനു മുമ്പ് സ്വന്തം മാതാവിന് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്. “ഉമ്മാ, ഞാൻ മരിക്കുകയാണ്… അല്ലെങ്കിൽ അവരെന്നെ കൊല്ലും” എന്ന് സന്ദേശത്തിൽ ഫസീല പറയുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും വയറ്റിൽ ചവിട്ടിയെന്നും, താൻ മരിച്ചാൽ പോസ്റ്റുമോർട്ടം ചെയ്യരുതെന്നും ഫസീല രാവിലെ 6.49-ന് അയച്ച സന്ദേശത്തിൽ പറയുന്നു. രാവിലെ 7 മണിയോടെയാണ് ഫസീലയെ അവസാനമായി ഓൺലൈനിൽ കണ്ടത്.
ഫസീലയുടെ രണ്ടാമത്തെ ഗർഭധാരണ വിവരം പുറത്തുവന്നത് ഇന്നലെ ആയിരുന്നു. ഇതിന് പിന്നാലെ പീഡനം ശക്തമായി. ഒന്നര വർഷം മുൻപ് കാർഡ്ബോർഡ് കമ്പനി ജീവനക്കാരനായ നൗഫലുമായി ഫസീല വിവാഹിതയായി. ഇവർക്കു 10 മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
ഭർത്തൃവീട്ടിലെ ബുദ്ധിമുട്ടുകൾ പലവട്ടം ഫസീല വീട്ടുകാരോട് പറഞ്ഞിരുന്നുവെങ്കിലും, കുടുംബം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സംഭവങ്ങൾ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. സ്വന്തം മകളെ പോലെ കരുതുമെന്ന ഭർത്തൃമാതാവിന്റെ വാക്ക് വിശ്വസിച്ച് വീട്ടുകാർ ഇടപെടലിൽ നിന്ന് പിന്തിരിഞ്ഞിരുന്നു എന്ന് ബന്ധുക്കൾ കണ്ണീരോടെ പറഞ്ഞു.
Tag: Pregnant woman commits suicide in Irinjalakuda: Mother-in-law also arrested