ആലപ്പുഴയിൽ സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം; കെ ഇ ഇസ്മായിലിന് ക്ഷണമില്ല

ആലപ്പുഴയിൽ നടക്കാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുൻമന്ത്രി, മുതിർന്ന നേതാവ് കെ.ഇ ഇസ്മായിലിന് ക്ഷണമില്ല. ഇതിനെതിരെ അദ്ദേഹം കടുത്ത അസന്തോഷം പ്രകടിപ്പിച്ചു. “പാർട്ടിക്ക് വേണ്ടി ഇത്രകാലം പ്രവർത്തിച്ചിട്ടും കാണിച്ചിരിക്കുന്നത് അനീതിയും അവഗണനയുമാണ്. സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിന് നേതൃത്വം വിശദീകരണം നൽകണം,” എന്നാണ് ഇസ്മായിലിന്റെ പ്രതികരണം. 1968 മുതൽ ഒരു സമ്മേളനവും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ഇസ്മായിൽ പങ്കെടുക്കാത്ത ആദ്യ സമ്മേളനമായിരിക്കും ആലപ്പുഴയിലെത്തുന്നത്.
സിപിഐയുടെ പ്രതിനിധി സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. സർക്കാരിന്റെയും പാർട്ടിയുടെയും പ്രവർത്തനത്തെ ആഴത്തിൽ വിലയിരുത്തുന്ന ചര്‍ച്ചകളാണ് നടക്കുക. അതേസമയം, നേതൃനിരയെയും മന്ത്രിമാരെയും വകുപ്പുകളെയും നേരിട്ട് ലക്ഷ്യമിട്ട് കടുത്ത വിമർശനം ഉയരാതിരിക്കാനുള്ള നീക്കങ്ങൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു.
മുന്നണി സംവിധാനത്തിൽ സിപിഐയുടെ ഇടപെടലും, പ്രത്യേകിച്ച് ബിനോയ് വിശ്വത്തിന്റെ നേതൃപാടവവും സംബന്ധിച്ച പരാതികളാണ് സമ്മേളനത്തിന് മുന്നോടിയായി ഉയർന്നിരിക്കുന്നത്. ജില്ലാതല സമ്മേളനങ്ങളിൽ മന്ത്രിമാരെയും വകുപ്പുകളെയുംതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇവയാണ് പ്രതിനിധി സമ്മേളന ചർച്ചകളിലും പ്രതിഫലിക്കുമെന്ന് കരുതപ്പെടുന്നു.
“തിരുത്തൽ ശക്തി” എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഐയുടെ ഇടപെടൽ പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കുന്നതെന്ന് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നു. കാനത്തിന്‍റെ പിൻഗാമിയായി സെക്രട്ടറി സ്ഥാനത്തെത്തിയ ബിനോയ് വിശ്വം മാറണമെന്നും ചിലർ കരുതുന്നുണ്ടെങ്കിലും, കാര്യങ്ങൾ വിഭാഗീയതയിലേക്കോ മത്സരത്തിലേക്കോ നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
സർക്കാരിന്റെ നിലപാടുകളും മുൻഗണനാക്രമവും അടക്കം വിലയിരുത്തപ്പെടുന്ന സമ്മേളനത്തിൽ, വിമർശനം നിയന്ത്രിക്കാൻ നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചകൾ ബിനോയ് വിശ്വം നടത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടാം തുടർച്ചയായ ഭരണത്തെ ലക്ഷ്യമിട്ട് മുന്നോട്ട് പോകുമ്പോൾ, സർക്കാർ മുന്നോട്ടുവെക്കേണ്ട തിരുത്തലുകൾ സംബന്ധിച്ച ചര്‍ച്ചകൾക്കും സമ്മേളനം വേദിയാകും.
Tag: CPI state conference begins tomorrow in Alappuzha; KE Ismail not invited