ഇന്ധന വില വർധനയ്ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വില; പലവ്യഞ്ജന വിലയിൽ മാറ്റമില്ല

കൊല്ലം: പച്ചക്കറി വിലയും ഇന്ധന വില വർധനയ്ക്കൊപ്പം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. ദിനവും വീടുകളിൽ ഉപയോക്കുന്ന പച്ചക്കറികൾക്ക് പത്ത് മുതൽ 50 രൂപയിലേറെയാണ് കൂടിയത്.
നാൽപ്പത് രൂപയായിരുന്ന സവാള വില അമ്പത്തിരണ്ടിലെത്തി. തക്കാളി വില ഇരുപതിൽ നിന്ന് നാൽപ്പതായി. പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാൽപ്പത് രൂപയാണ് വില. ഇന്ധന വില വർധനയെ തുടർന്ന് ലോറി വാടകയിൽ ഉൾപ്പെടെയുണ്ടായ വർധനയാണ് പച്ചക്കറി വിപണിയെയും സ്വാധീനിച്ചത്.
പലചരക്ക് കടകളിൽ പക്ഷേ മറിച്ചാണ് സ്ഥിതി. അരിയും പയറും കടലയും ഉൾപ്പെടെ അവശ്യ വസ്തുക്കൾക്കൊന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ വില വർധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. സർക്കാരിൻറെ സൗജന്യ കിറ്റ് തുടരുന്നതാണ് കാരണമായി വ്യാപാരികൾ പറയുന്നത്.
തൽക്കാലം പലചരക്ക് വിലയിൽ വർധനയില്ലെങ്കിലും ഡീസൽ വിലിയിലെ വർധന തുടർന്നാൽ വില ഉയർന്നേക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. കാലിത്തീറ്റ ഉൽപ്പന്നങ്ങളുടെ വിലയിലും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്.