ന്യൂഡല്‍ഹി: ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ 24ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന്റെ ഭാഗമായാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ദുബായിലായിരിക്കും ഇന്ത്യ-പാക് പോരാട്ടമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇന്ത്യയില്‍ വച്ച് മത്സരം നടത്താനാകാത്ത സാഹചര്യത്തില്‍ മത്സരങ്ങളെല്ലാം യുഎഇ യില്‍ വച്ച് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നു.
അതേസമയം 2021 മാര്‍ച്ച് 20 വരെയുള്ള ടീം റാങ്കിങ് നോക്കിയാണ് ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരം നടത്തുന്നത്. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്,ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ ഗ്രൂപ്പ് ഒന്നില്‍ പെടുന്നവരാണ്.
എന്നാല്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഗ്രൂപ്പ് രണ്ടിലാണ് വരുന്നത്. ഇതിനാലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ് ഇന്ത്യയുടെ വിജയത്തിനായി.