കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കാമോ ? പരാതിയില്‍ വിധിപറഞ്ഞ് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി : കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന യാത്രക്കാരുടെ സംശയത്തിന് തീര്‍പ്പ് കല്‍പ്പിച്ച് ഡല്‍ഹി ഹൈക്കോടതി. ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോഴും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. രാജ്യത്ത് കൊവിഡ് പടരുന്നതിനാല്‍ സുരക്ഷാ കവചം എന്നനിലയ്ക്ക് മാസ്ക് നിര്‍ബന്ധമാക്കേണ്ടതുണ്ട്. കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ പോലും മാസ്ക് ധരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേ മാസ്ക് ധരിക്കാത്തതിന് പൊലീസ് പിഴ ഈടാക്കി എന്ന പരാതി കേള്‍ക്കവേയാണ് കോടതി മാസ്ക് ധരിക്കുന്നതിനെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.
ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോള്‍ മാസ്ക് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കിയത് തന്നെ മാനസികമായി വിഷമിപ്പിച്ചു എന്നാണ് പരാതിക്കാരന് ചൂണ്ടിക്കാട്ടിയത്. പിഴയായി ഈടാക്കിയ അഞ്ഞൂറു രൂപയ്ക്കൊപ്പം പത്തു ലക്ഷം രൂപയും നഷ്ടപരിഹാരമായി പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു. ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുമ്ബോള്‍ മാസ്ക് വയ്ക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രം നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടിയെങ്കിലും, അങ്ങനെ ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു. അതിനാല്‍ ഡല്‍ഹിയില്‍ അത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ദില്ലി സര്‍ക്കാരിനാണ്. അതേസമയം സ്വകാര്യ കാറുകള്‍ ഓടിക്കുമ്ബോള്‍ മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഏപ്രിലില്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ദില്ലി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കി.