സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

തിരുവനന്തപുരം വിമാനത്താവളം വഴി യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെയാണ് ഏഴു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടത്. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് ഡയറി അടക്കമുള്ളവ പരിശോധിച്ച ശേഷമാണ് കോടതി ഇവരെ കസ്റ്റഡിയില്‍ വിടാൻ ഉത്തരവായത്.
അതേസമയം, നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പിടിച്ച ശേഷം തന്നെ തിരുവനന്തപുരത്തുള്ള ഒരു ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചെന്ന് സ്വപ്‌ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നു. യു.എ.ഇ ഉദ്യോഗസ്ഥന്‍ കസ്റ്റംസിന് മൊഴിനല്‍കുമ്പോള്‍ പിടിച്ചത് നയതന്ത്ര പാഴ്‌സലല്ലെന്നും വ്യക്തിപരമായ ബാഗ് ആണെന്നും പറഞ്ഞാല്‍ മതിയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നതായും സ്വപ്‌ന യുടെ മൊഴിയിൽ ഉണ്ട്. കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ അഞ്ചിന് ശേഷം ഉച്ചയ്ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സ്വപ്നയെ വിളിച്ചതെന്നും, കസ്റ്റംസ് മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്‌തേക്കുമെന്നും ഒരു മലയാളപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.