കാർഷിക ബില്ലുകളുടെ പകർപ്പ് നിയമസഭയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കീറിയെറിഞ്ഞു.

ന്യൂഡൽഹി / കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളുടെ പകർപ്പ് നിയമസഭയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കീറിയെറിഞ്ഞു. മൂന്ന് ബില്ലുകൾ രാജ്യസഭയിൽ വോട്ട് ചെയ്യാതെ ആദ്യമായാണ് പാസാക്കുന്നതെന്നും മഹാമാരിയുടെ സമയത്ത് കാർഷിക നിയമങ്ങൾ പാസാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും കെജ്‌രിവാൾ ചോദിക്കുകയുണ്ടായി. കർഷക പ്രതീഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകം വിളിച്ചുചേർത്ത നിയമസഭാസമ്മേളന ത്തിലാണ് കെജ്‌രിവാളിന്റെ ഈ നാടകീയ നീക്കങ്ങൾ ഉണ്ടായത്. ‘ഞാൻ ഇത് ഏറെ വേദനയോടെയാണ് ചെയ്യുന്നത്. ഇത് ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ രണ്ട് ഡിഗ്രി സെൽഷ്യസ് താപനിലയിൽ ഡൽഹിയിലെ തെരുവുകളിൽ കഴിയുന്ന കർഷകരെ ഒറ്റിക്കൊടുക്കാൻ എനിക്ക് കഴിയില്ല.’ കെജ്‌രിവാൾ കാർഷിക ബില്ലുകളുടെ പകർപ്പ് കീറിയെറിഞ്ഞു കൊണ്ട് പറഞ്ഞു. കാർഷിക നിയമങ്ങൾ സംസ്ഥാനത്ത് റദ്ദാക്കുകയാണെന്നും നിയമങ്ങൾ റദ്ദാക്കികൊണ്ടുള്ള പ്രമേയം ഡൽഹി നിയമസഭ പാസാക്കിയതായും കെജ്‌രിവാൾ അറിയിച്ചു. കാർഷിക നിയമങ്ങൾ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനായി നിർമിച്ചതാണെന്ന് പറഞ്ഞ കെജ്‌രിവാൾ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരേക്കാൾ കേന്ദ്രം തരംതാഴരുതെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കാർഷകർക്ക് പൂർണപിന്തുണ നൽകുന്നതായും കെജ്‌രിവാൾ പറഞ്ഞിട്ടുണ്ട്.