ബിജെപി കോട്ടയായ നേമം പിടിക്കാന്‍ തരൂര്‍ ഇറങ്ങട്ടെയെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: നേമം മണ്ഡലം ബി ജെ പിയില്‍ നിന്നു തിരിച്ചുപിടിക്കാന്‍ തിരുവനന്തപുരം എം പി ശശി തരൂരിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നതായി വിവരം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതായാണ് സൂചന. എന്നാല്‍ കേരള നേതാക്കള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കേരളത്തില്‍ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്‌ക്കുന്നുവെന്ന പ്രതിച്ഛായ സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചത് ഈ ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയോ നേമത്ത് സ്ഥാനാര്‍ത്ഥിയാവണമെന്നും നിര്‍ദേശം ഉയര്‍ന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോവുന്നതിനിടെയാണ് രാഹുല്‍ തരൂരിന്റെ പേര് നിര്‍ദേശിച്ചത്.
തരൂര്‍ നേമത്ത് മത്സരിക്കുന്നത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് ഗുണമാവുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ബി ജെ പിക്കെതിരെ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുന്നത് കോണ്‍ഗ്രസാണെന്ന സന്ദേശം നല്‍കാന്‍ തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ആവുമെന്നാണ് രാഹുലിന്റെ വാദം. ഇതോടൊപ്പം കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് ഒരുപരിധി വരെ തടയിടാനാവുമെന്നും രാഹുല്‍ കണക്കുകൂട്ടുന്നു.
സംസ്ഥാന കോണ്‍ഗ്രസിലെ പ്രബലമായ രണ്ടു ഗ്രൂപ്പുകളും തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ അനുകൂലിച്ചിട്ടില്ല. എന്നാല്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഇതില്‍ എതിര്‍പ്പില്ല. നേമത്ത് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്ന് മുല്ലപ്പളളി പറഞ്ഞത് തരൂരിനെ മനസില്‍ കണ്ടാണെന്നും വിലയിരുത്തലുകളുണ്ട്. എ കെ ആന്റണിയും രാഹുലിന്റെ വാദത്തോട് യോജിച്ചെന്നാണ് വിവരം. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നേമം ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എത്ര വൈകിയാലും ഇന്നു തന്നെ അന്തിമ പട്ടികയ്‌ക്ക് രൂപം നല്‍കാനാണ് ശ്രമം.