റൈഡര്‍മാരുടെ ശവപ്പറമ്പില്‍ അടുത്തവര്‍ഷം ആരവം ഉയരും
ലോകത്തിലെ ഏറ്റവും അപകടമേറിയ റേസ് മത്സരമേതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു. അതാണ് ഐല്‍ ഓഫ് മാന്‍ ടൂറിസ്റ്റ് ട്രോഫി. ഐറിഷ് സമുദ്രത്തിലെ ഡഗ്ലസ് ദ്വീപില്‍ വര്‍ഷത്തിലൊരിക്കലാണ് ഡ്രൈവര്‍മാര്‍ക്ക് ഈ ശവപ്പറമ്പൊരുങ്ങുക.
100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ബൈക്ക് റേസ് പല വര്‍ഷങ്ങളായി പല കാരണങ്ങളുടെ പേരില്‍ മുടങ്ങി പോയിട്ടുണ്ട്. എന്നാല്‍ അടുത്തവര്‍ഷം മെയ് 28 മുതല്‍ ജൂണ്‍ 11 വരെ റേസിങ് വീണ്ടും നടത്താന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെയ്-ജൂണ്‍ മാസങ്ങളില്‍ അരങ്ങേറുന്ന ഐല്‍ ഓഫ് മാന്‍ ടിടിയില്‍ റൈഡര്‍മാര്‍ കൊല്ലപ്പെടുന്നത് പഴമയുടെ ആവര്‍ത്തനമാണ്. 114 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ഈ മത്സരത്തില്‍ 151 മനുഷ്യ ജീവന്‍ പൊലിഞ്ഞു പോയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങള്‍.
പ്രത്യേകം നിര്‍മിച്ച റേസ് ട്രാക്കുകളിലാണ് പല ബൈക്ക് റേസിങ്ങും നടക്കുന്നതെങ്കില്‍ ഐല്‍ ഓഫ് മാന്‍ ഭൂപ്രകൃതിയില്‍ ഒരുക്കുന്നതാണ്. മതിലുകളും വൈദ്യുതി പോസ്റ്റുകളും വൈക്കോല്‍ കൂനകളുമൊക്കെ മത്സരപാതയില്‍ തടസ്സങ്ങള്‍ ശൃഷ്ടിക്കുമ്പോഴും എല്ലാം അറിഞ്ഞുവെച്ച് റേസില്‍ പങ്കെടുക്കാനാണ് യൂത്തിനിഷ്ടം.
മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ഇടുങ്ങിയ പാതകളിലൂടെ മുന്‍ചക്രം പൊങ്ങി പാഞ്ഞു വരുന്ന റൈഡര്‍മാര്‍ക്ക് ബൈക്ക് ഓടിക്കുമ്പോള്‍ പതിയിരിക്കുന്നത് മരണമാണെന്ന് അറിയാം. ഒരിക്കലെങ്കിലും ഐസില്‍ ഓഫ് മാന്‍ ടിടി റേസിന്റെ വിഡിയോ കണ്ടവരാരും പേരു മറന്നാലും ആ ദൃശ്യങ്ങള്‍ മറക്കാനിടയില്ല.