രാജ്യം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ഉടൻ,മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിൽ

ഭീകരവാദത്തെയും വെട്ടിപ്പിടിക്കൽ നയത്തെയും ഒരുപോലെ ചെറുക്കുമെന്ന് പ്രധാനമന്ത്രി. അതിർത്തി കടന്നുള്ള ആക്രമണം അനുവദിക്കാനാകില്ലെന്നും, വെട്ടിപിടിക്കൽ നയത്തെ ഇന്ത്യ എതിർക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്. അയല്‍ രാജ്യങ്ങളുമായി സൗഹൃദവും സഹവർത്തിത്വവും ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഗാൽവാനിലെ ധീര സൈനികരെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിൽ കൈവച്ചവർക്ക് സൈന്യം മറുപടി നൽകി. ലഡാക്കിൽ ഇന്ത്യയുടെ ശക്തി ലോകം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിൽ നിർമ്മിച്ച മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണ്.
ദേശീയ സൈബർ സുരക്ഷാ നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റിയെടുക്കും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്തമാക്കാനുള്ള വികസന മാതൃക ഉണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യം. ഇന്ത്യയിലെ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുകയാണ്. ലോകോത്തര ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിയും. നൈപുണ്യ വികസനം ആണ് ഇതിനു അനിവാര്യം. യുവ ഊർജ്ജം ഇന്ത്യയിൽ നിറഞ്ഞിരിക്കുന്നു. അവർക്ക് വികസനത്തിലേക്ക് രാജ്യത്തെ നയിക്കാൻ ആകും. സ്വന്തം കാലിൽ നിൽക്കേണ്ടത് ഇന്ന് രാജ്യത്തിന് ആവശ്യമാണ്. ആ ലക്ഷ്യം നേടിയെടുക്കും. തീരുമാനിച്ചത് നേടിയെടുത്ത ചരിത്രമാണ് ഇന്ന് വരെ ഇന്ത്യക്കുള്ളത്. അധിനിവേശ ശക്തികളെ വെല്ലുവിളിച്ച രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.