മദ്യം വാങ്ങാനെത്തുന്നവര്‍ക്കും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം- ഹൈക്കോടതി
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കടകളില്‍ പോകുന്നവര്‍ വാക്‌സീന്‍ സ്വീകരിച്ചിരിക്കണം എന്ന നിബന്ധന മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വാക്‌സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സീന്‍ എടുക്കും.
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നും കോടതി ചോദിച്ചു.
കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത രേഖയോ, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ,ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം.
വാക്‌സീന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന തീരുമാനമെടുക്കണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണം.