CinemaLife StyleShe

വെറുക്കുന്നവരുണ്ടെങ്കിൽ ദയവായി അവർ തന്നെ പിന്തുടരരുത്; സുശാന്തുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് മറ്റുള്ളവർക്ക് ഒന്നും അറിയില്ല; അങ്കിത

അങ്കിത ലോഖണ്ഡെ, അഭിനയത്തേക്കാൾ അങ്കിത ശ്രദ്ധേയയായത് സുശാന്ത് സിങ് രാജ്പുത് എന്ന നടന്റെ കാമുകി എന്ന നിലയിലാണ്. സുശാന്തിന്റെ അകാല മരണത്തിന്റെ സമയത്തും പിന്നീടും അങ്കിത വാർത്തകളിൽ നിറ‍‍ഞ്ഞുനിൽക്കുകയും ചെയ്തു. ഇപ്പോൾ അവർ വീണ്ടും സമൂഹമാധ്യമത്തിൽ എത്തിയിരിക്കുകയാണ്. തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ചും ഓൺലൈൻ പരിഹാസത്തെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് അങ്കിത രംഗത്തുവന്നിരിക്കുന്നത്. ആരാധകർക്കുവേണ്ടിയുള്ള വിഡിയോ സന്ദേശത്തിലാണ് അവർ മനസ്സ് തുറന്നത്. നാളുകളായി തന്നെ മഥിക്കുന്ന വിഷാദത്തെക്കുറിച്ചും നിഷേധ ചിന്തകളെക്കുറിച്ചും വെളിപ്പെടുത്തിയതും.

പൊതുവെ പ്രസരിപ്പും ഉൻമേഷവുമുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ രണ്ടു ദിവസമായി നിരാശയുടെയും വിഷാദത്തിന്റെയും പിടിയിലാണ്. എന്തായാലും ഇന്നു ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇനി ദുഃഖിച്ചിരിക്കാൻ തയാറല്ല. വിഷാദത്തിന്റെ പിടിയിലാകേണ്ട കാര്യമില്ല. മാനസിക ലോകത്തു തന്നെ മാറ്റം വരുത്താൻ തീരുമാനിച്ചു. ഇനി ഞാൻ പോസിറ്റീവ്:

ഓരോരുത്തരും ഓരോ രീതിയിലാണു സന്തോഷം കണ്ടെത്തുന്നതെന്നു പറയുന്ന അങ്കിത പ്രചോദനം നേടുന്നത് നൃത്തത്തിൽനിന്നുമാണ്. എന്നാൽ നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അങ്കിതയ്ക്ക് വിമർശനം നേരിടേണ്ടിവന്നു. നൃത്ത വിഡിയോയ്ക്ക് താഴെ അശ്ലീല കമന്റുകൾ രേഖപ്പെടുത്തിയവർ പോലുമുണ്ട്.

വെറുക്കുന്നവരുണ്ടെങ്കിൽ ദയവായി അവർ തന്നെ സമൂഹമാധ്യമത്തിൽ പിന്തുടരരുത് എന്നാണ് അങ്കിതയ്ക്ക് അവരോട് പറയാനുള്ളത്. പൂർണമായും അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പലരും വിധി കൽപിക്കുന്നു. അതു തെറ്റായ സ്വഭാവമാണെന്നാണ് നടിക്ക് പറയാനുള്ളത്. ആരുടെയെങ്കിലും പ്രണയത്തെ മറ്റുള്ളവർ തെറ്റെന്നോ ശരിയെന്നോ പറയേണ്ടതില്ല. സുശാന്തുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് മറ്റുള്ളവർക്ക് ഒന്നും അറിയില്ലെന്നും അതേക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നും അവർ പറയുന്നു. അഥവാ അക്കാര്യത്തിൽ ആർക്കെങ്കിലും വലിയ വിഷമമുണ്ടെങ്കിൽ തങ്ങൾ സ്നേഹിച്ചപ്പോഴും പിരിഞ്ഞപ്പോഴും അവർ എവിടെയായിരുന്നു എന്നും നടി ചോദിക്കുന്നു.

ജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്ന് സുശാന്ത് ആഗ്രഹിച്ചു. അതിനുവേണ്ടിയാണ് അദ്ദേഹം സ്വന്തം വഴി തേടി പോയത്. അതിന്റെ പേരിൽ എന്നെ എന്തിനു വിമർശിക്കണം- നടി ചോദിക്കുന്നു. കുറേനാളായി ഞാൻ വിഷാദിച്ചതിനു കണക്കില്ല. കരഞ്ഞത് എത്രമാത്രം എന്നുപോലും അറിയില്ല. എനിക്ക് ആകെയുള്ളത് എന്റെ കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രമാണ്. അവർക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇനിയും ഞാൻ മുന്നോട്ടുപോവുക തന്നെ ചെയ്യും- ആത്മവിശ്വാസത്തോടെ അങ്കിത പറയുന്നു.

എനിക്ക് ആകെ അറിയാവുന്നത് അഭിനയവും നൃത്തവും മാത്രമാണ്. അതാണ് ഞാൻ ആസ്വദിച്ചു ചെയ്യുന്നതും. നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്യുമ്പോൾ എന്തിനാണ് എന്നെ വിമർശിക്കുന്നത്. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്തോട്ടെ. എന്നെ വെറുതെ വിടൂ. ഒരു മധ്യവർഗ കുടുംബത്തിൽനിന്നുമാണ് ഞാൻ വരുന്നത്. വിമർശനവും ആക്രമണവും ഒരളവിൽ കൂടുതൽ താങ്ങാൻ എനിക്കു കരുത്തില്ല- അങ്കിത അരാധകരോട് അപേക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button