ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലാണ് കൊവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്. 71 വയസ്സുള്ള വെങ്കയ്യനായിഡു സ്വയം നീരീക്ഷണത്തില്‍ പ്രവേശിച്ചു.
ഉപരാഷ്ട്രപതിക്ക് പറയത്തക്ക ആരോഗ്യപ്രശ്നങ്ങളില്ലെന്നും ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗബാധയാണെന്നും ട്വീറ്റില്‍ പറയുന്നു. വെങ്കയ്യ നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിനും കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
രാജ്യസഭാ ചെയര്മാന് കൂടിയായ നായിഡു അടുത്തിടെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 25-ലേറെ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.