രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 4529 പേർ; ഉത്തർപ്രദേശിൽ വൈറസ് ബാധിച്ച് മന്ത്രി മരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4529 പേർ മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
3,89,851പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവർ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേർ രോഗമുക്തരായി. ആകെ 18,58,09,302 പേർക്ക് വാക്‌സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശ് റവന്യു, വെള്ളപ്പൊക്ക നിവാരണ മന്ത്രി വിജയ് കശ്യപ് (56) കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്‌ഗാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രിയായിരുന്നു അന്ത്യം. മുസഫർനഗർ ചർതവാൽ മണ്ഡലത്തിലെ എം എൽ എയാണ് വിജയ് കശ്യപ്. യു പിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നമാത്തെ മന്ത്രിയാണ് വിജയ് കശ്യപ്.
കമൽറാണി വരുൺ, ചേതൻ ചൗഹാൻ എന്നിവരാണ് നേരത്തെ മരിച്ചത്. മന്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് എന്നിവരും അനുശോചിച്ചു.