കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: പ്രതികള്‍ക്ക് സിം കാര്‍ഡ് നല്‍കിയ രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ രണ്ട് പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍. പാനൂര്‍ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയിലായത്. മുഹമ്മദ് ഷാഫി, അര്‍ജ്ജുന്‍ ആയങ്കി എന്നിവര്‍ക്ക് സിംകാര്‍ഡ് എടുത്തു നല്‍കിയത് ഇവരാണ്. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അജ്മല്‍ സക്കീനയുടെ മകനാണ്. ഇരുവരേയും ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ആണ് സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.
ഇന്നലെ ഹാജരാകാന്‍ ഷാഫിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ഹാജരാകാമെന്ന് ഷാഫി കസ്ടറ്റംസിനെ അറിയിക്കുകയായിരുന്നു. ഷാഫിയെ ചോദ്യം ചെയ്തതിന് ശേഷം കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യാനാണു സാധ്യത.