സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന എന്‍.ഐ.എ വാദം ശരിവെച്ചു കൊണ്ട് സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.
തീവ്രവാദ പ്രവർത്തനത്തിൽ സ്വർണക്കടത്തും പെടും. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടുവെന്നും യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം കേസിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. എന്നാൽ യാതൊരു ബന്ധവുമില്ലെന്നും സാധാരണ സ്ത്രീയാണെന്നുമായിരുന്നു സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്ക്ക് സ്വാധീനമുണ്ടെന്നു എൻഐഎ വെളിപ്പെടുത്തിയിരുന്നു. നേരത്തെ സ്വപ്ന സുരേഷിന് കേരള പൊലീസിൽ വലിയ സ്വാധീനമെന്ന് കസ്റ്റംസും കണ്ടെത്തുകയുണ്ടായി. അധികാരത്തിന്റെ ഇടനാഴിയിൽ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റ വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന കടന്ന് കളയാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി. തുടർനടപടികളുടെ ഭാഗമായി യുഎഇയിലേയ്ക്ക് എൻഐഎ സംഘം പോയിരിക്കുകയാണ്. അവിടെ വച്ച് പ്രതികളെ ചോദ്യം ചെയ്യും.