ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് എസ്‌ഡിപിഐക്കാര്‍ പിടിയില്‍, ആലപ്പുഴയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

വയലാറിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറുപേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്ന് സൂചന. വയലാര്‍ സ്വദേശിയായ നന്ദു ആര്‍.കൃഷ്‌ണയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. എസ്‍ഡിപിഐ, ആര്‍എസ്‌എസ് സംഘര്‍ഷത്തിനിടെ നന്ദുവിന് വെട്ടേല്‍ക്കുകയായിരുന്നു. മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വെെകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപിയുടെ ഹര്‍ത്താലിന് ഹെെന്ദവ സംഘടനകളുടെയും പിന്തുണയുണ്ട്. വയലാറില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എട്ടിനു ശേഷം നാഗംകുളങ്ങര കവലയിലാണ് സംഭവം. സംഘര്‍ഷത്തിനിടെ 22 കാരനായ നന്ദുവിന് വെട്ടേല്‍ക്കുകയായിരുന്നു. നാഗംകുളങ്ങര കവലയില്‍ ഇന്നലെ ഉച്ചയോടെ എസ്‌ഡിപിഐയുടെ വാഹനപ്രചരണജാഥ വന്നിരുന്നു. അതിലെ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തി. ഇതേ തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായപ്പോള്‍ വെട്ടേറ്റ് നന്ദു മരിച്ചെന്നാണ് പ്രാഥമിക വിവരം.