കലാപം: കത്തുന്ന കെട്ടിടത്തില്‍ നിന്ന് കുഞ്ഞിനെ താഴേക്കെറിഞ്ഞ് അമ്മ
ഡര്ബന്: കലപത്തിനിടെ കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കുഞ്ഞിനെ താഴെക്കെറിഞ്ഞ് അമ്മ. രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് അമ്മ രക്ഷിക്കാന്‍ താഴേക്കെറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
കെട്ടിടത്തിന് താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ കുഞ്ഞും അമ്മയും സുരക്ഷിതരായി. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു. പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി മാധ്യമങ്ങളോട്് പറഞ്ഞു. കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും അതില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ ഉറക്കെപ്പറഞ്ഞു. അങ്ങനെ രക്ഷിക്കാന്‍ വേണ്ടി കുഞ്ഞിനെ താഴേക്കെറിയുകയായിരുന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ ശരിക്കും ഭയന്നെന്നും ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മാത്രമായിരുന്നെന്നും നലേദി പറഞ്ഞു. കുഞ്ഞിന് യാതൊരു പരിക്കുമേറ്റില്ല.
മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 72 പേര് ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.