രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്‌സി കേരളത്തിൽ

ജലഗതാഗത വകുപ്പിന് കീഴിൽ പൊതുജനങ്ങൾക്കായി വാട്ടർ ടാക്‌സി സംവിധാനം വരുന്നു. രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലാണ് പദ്ധതി നടപ്പാകുന്നത്.യാത്രക്കാർക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്താനാവുന്ന ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള നാല് കറ്റമരൻ ബോട്ടുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. നവംബറോടെ വാട്ടർ ടാക്സികൾ സർവ്വീസ് ആരംഭിക്കും.
ഒരു ബോട്ടിൽ 10 പേർക്ക് വരെ യാത്രചെയ്യാം. 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) വേഗമുണ്ടാകും. സാധാരണ ബോട്ടിനേക്കാൾ സൗകര്യപ്രദമാകും വാട്ടർ ടാക്സിയിലെ യാത്ര. സ്വീഡനിൽ നിന്നും എത്തിച്ച എൻജിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ അരൂരിലെ ഷിപ്പ് യാർഡിലാണ് ബോട്ടുകൾ തയ്യാറായിരിക്കുന്നത്.
മൊബൈലിലൂടെ ടാക്‌സി ബുക്ക് ചെയ്യാം. ആദ്യഘട്ടത്തിൽ ആലപ്പുഴയിലാണ് സർവീസ് തുടങ്ങുക. ആലപ്പുഴയിൽ എവിടെനിന്നും ബോട്ടിനായി വിളിക്കാം. മണിക്കൂറിനാണ് നിരക്ക്. ഒരോ ബോട്ടിലും ഒരു ഡ്രൈവർ കം സ്രാങ്ക്, ലാസ്‌കർ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. 50 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിർമാണച്ചെലവ്. ടാക്‌സി സർവീസ് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആലപ്പുഴയിൽ സർവ്വീസ് പരിശോധിച്ച് സംവിധാനം വ്യാപിപ്പിക്കുമെന്നും ജലഗതാഗത അധികൃതർ പറഞ്ഞു.