ന്യൂസിലൻഡിൽ ജസീന്ത ആർഡൻ രണ്ടാം തവണയും അധികാരത്തിലെത്തി.

ഓക് ലൻഡ് : അഞ്ചു ദശകത്തിനിടയിലെ ന്യൂസിലൻഡിൽ മികച്ച തെരഞ്ഞെടുപ്പു വിജയത്തോടെ പ്രധാനമന്ത്രി ജസീന്ത ആർഡൻ രണ്ടാം തവണയും അധികാരത്തിലെത്തി. ജനപ്രിയ നേതാവിന്റെ ലേബർ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങൾ നൽക്കുകയായിരുന്നു. അഞ്ചു ദശകത്തിനിടയിലെ ഏറ്റവും കൂടുതൽ ശതമാനം വോട്ടാണ് നാൽപ്പതുകാരിയായ ജസീന്തയുടെ പാർട്ടിക്കു ലഭിച്ചത്. 120 അംഗ പാർലമെന്റിൽ 64 സീറ്റും പാർട്ടിക്കാണ്. 24 വർഷം മുൻപ് ആനുപാതിക വോട്ട് സമ്പ്രദായം ഏർപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഇങ്ങനെ ഒരു പാർട്ടി പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്.
ലേബർ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള 49.1 ശതമാനം വോട്ടാണ് പാർട്ടിക്കു ലഭിച്ചത്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലെ മികവ് ജസീന്തയെ വൻ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ലേബർ പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെങ്കിലും സഖ്യത്തിനു ജസീന്ത തയാറാണ്. സഖ്യകക്ഷികളുമായി ചർച്ചകൾ നടത്തിയ ശേഷം പുതിയ സർക്കാരുണ്ടാക്കാൻ രണ്ടോ മൂന്നോ ആഴ്ചകളെടുക്കുമെന്നാണു പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്. ബോറിസ് ജോൺസനും ജസ്റ്റിൻ ട്രൂഡോയും ദലൈലാമയും അടക്കം ലോക നേതാക്കൾ ജസീന്തയെ അഭിനന്ദിച്ചിട്ടുണ്ട്. പാർലമെന്റിൽ ജസീന്തയുടെ പ്രധാന എതിരാളികളായ നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടുകളാണു നേടാനായത്.
ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ല, സാധാരണ സമയവുമല്ല. ആശങ്കയും ആകാംക്ഷയും നിറഞ്ഞു നിൽക്കുന്ന സമയമാണ്. അതിനുള്ള പ്രതിവിധിയാണ് പാർട്ടിയെ ഏൽപ്പിച്ചിരിക്കുന്നത്. തനിക്കു പുതുതായി വോട്ടു ചെയ്തവരെ മറക്കില്ല. മുഴുവൻ ന്യൂസിലൻഡുകാർക്കും വേണ്ടിയാവും ഭരണം- ഓക് ലൻഡിൽ നൂറുകണക്കിന് അനുയായികളുടെ വിജയാഘോഷത്തിൽ ജസീന്ത പറയുകയുണ്ടായി.
ചേരിതിരിവു വർധിച്ചുകൊണ്ടിരിക്കുന്ന ലോകത്താണു നാം ഇന്ന് ജീവിക്കുന്നത്. മറ്റൊരാളുടെ ആശയങ്ങൾ കാണാനും കേൾക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമ്പോഴും നാം അങ്ങനെയല്ലെന്ന് ന്യൂസിലൻഡുകാർ തെളിയിച്ചിരിക്കുന്നു- ജസീന്ത പറഞ്ഞു.