ഛിന്നഗ്രഹം വ്യാഴാഴ്ച്ച ഭൂമിക്കരികിൽ.

2020 എസ്ഡബ്ലു എന്ന ഛിന്നഗ്രഹം വ്യാഴാഴ്ച്ച വൈകീട്ടോട്ടെ ഭൂമിയുടെ ഏറ്റവും അടുത്തെത്തും. പക്ഷെ നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹത്തെ കാണാൻ സാധിക്കില്ലെന്ന് എർത്ത്സ്കൈ റിപ്പോർട്ട് ചെയ്തു. ഭൂമിയിൽ നിന്നും 27000 കിലോമീറ്റർ അകലെക്കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്.ഭൂമിയെ ചുറ്റുന്ന ചന്ദ്രനേക്കാൾ അടുത്തുകൂടിയാണ് ഇത് കടന്നുപോകുക. എന്നാൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലെന്ന് സെന്റർ ഫോർ നിയർ എർത്ത് സ്റ്റഡീസ് (സിഎൻഇഒഎസ്) അറിയിച്ചു.
സെപ്തംബർ 24 വൈകിട്ട് 4.45 ഓടുകൂടിയായിരിക്കും 2020 എസ്ഡബ്ലു ഭൂമിയോട് ഏറ്റവും അടുത്തെത്തുക. തെക്ക്-കിഴക്ക് പസഫിക് സമുദ്രത്തിനു മുകളിലൂടെയായിരിക്കും ഇതിന്റെ സഞ്ചാരം. ഭൂമിയോട് അടുക്കുമ്പോൾ ഇതിന് തെളിച്ചം ഉണ്ടാകുമെങ്കിലും നഗ്നനേത്രംകൊണ്ട് ഈ ഛിന്നഗ്രഹത്തെ കാണാനാകില്ല. ഭൂമിയിൽ നിന്നും 384,000 കിലോമീറ്റർ അകലെയാണ് ചന്ദ്രൻ സ്ഥിതിചെയ്യുന്നത്. ടിവി, കാലാവസ്ഥാ സ്റ്റലൈറ്റുകൾ 35,888 കിലോമീറ്റർ അകലെയുമാണുള്ളത്. അവയെക്കാളും അടുത്തുകൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുക.
ഭൂമിക്ക് ഏറ്റവും അടുത്തെത്തിയ ഛിന്നഗ്രഹത്തെ സെപ്തംബർ 18 നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.ഒരു മണിക്കൂറിൽ 27,900 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. സെക്കന്റിൽ 7.75 കിലോമീറ്റർ വേഗതയിലും. ആസ്ട്രേലിയക്കും ന്യൂസിലാന്റിനും സമീപത്തുകൂടിയാകും ഇതിന്റെ യാത്ര.4.4 മുതൽ 9.9 മീറ്റർ വരെയാണ് ഇതിന്റെ വലുപ്പമെന്നും റോമിലെ വിർച്വൽ ടെലിസ്കോപ് പ്രൊജക്ടിന്റെ സഹായത്തോടെ ഛിന്നഗ്രഹ
ത്തെ ഓൺലൈനിൽ കാണാമെന്നും ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു.
ഓരോ 372 ദിവസം കൂടുമ്പോഴും 2020 എസ്ഡബ്ലു സൂര്യനെ ചുറ്റുന്നുണ്ടെന്നാണ് കണക്കുകൂട്ടൽ. സൂര്യനെ ചുറ്റാൻ ഭൂമിയേക്കാൾ ഏഴ് ദിവസം ഇതിന് ആവശ്യമാണ്. എങ്കിലുംഅടുത്ത അമ്പത് വർഷത്തേക്ക് ഈ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തെത്തില്ല.