‘ആള്‍ക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കില്‍ അടച്ചിടുക, ബെവ്‌കോയ്ക്ക് നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുക അല്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടുക ബെവ്‌ക്കോയ്ക്ക് നിര്‍ദ്ദേവുമായി ഹൈക്കോടതി. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുക അല്ലെങ്കില്‍ പൂര്‍ണമായും അടച്ചിടുക എന്നതാണ് മുന്നിലുള്ള മാര്‍ഗം. മദ്യശാലകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് അസുഖം വന്നോട്ടെയെന്ന് കരുതാനാകില്ലെന്നും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.
ജനങ്ങള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകര്‍ച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
സൗകര്യങ്ങളില്ലാത്ത മദ്യ ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സൗകര്യമില്ലെന്ന് കണ്ടെത്തിയ ഷോപ്പുകള്‍ക്ക് എല്ലാം അനുമതി നല്‍കിയത് എക്‌സ്സൈസ് കമ്മീഷണറാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം സമയം വേണമെന്നും ബെവ്കോ വ്യക്തമാക്കിയിരുന്നു.