ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായവരുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. പേട്ട സി.ഐ ആയിരുന്ന ഒന്നാം പ്രതി എസ്. വിജയന്, എസ്.ഐ ആയിരുന്ന രണ്ടാം പ്രതി തമ്ബി എസ്. ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ അറസ്റ്റ് ആണ് ഹൈകോടതി തടഞ്ഞത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്നും പ്രതികള്‍ കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുകയാണ് ചെയ്തതെന്നാണ് പ്രതികളുടെ പ്രധാന വാദം. കേസ് അന്വേഷണം പൂര്‍ത്തിയായതിന് പിന്നാലെ പ്രതിയായിരുന്ന നമ്ബി നാരായണന് സി.ബി.ഐ ഉദ്യോഗസ്ഥരുമായി നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളാണ് ഗൂഢാലോചനക്കേസ് പ്രതികള്‍ ഹൈകോടതിയില്‍ ഹാജരാക്കിയത്. സി.ബി.ഐ ഡി.ഐ.ജി രാജ്നാഥ് കൗള്‍, മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവ എന്നിവരുമായി എന്തിന് നമ്ബിനാരായണന് ഭൂമി ഇടപാട് നടത്തിയതില്‍ അന്വേഷണം വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്.ബി. ശ്രീകുമാറിനെയും പ്രതികളാക്കി സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പുറമെ കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതികള്‍ അപായപ്പെടുത്താന്‍ വ്യാജ രേഖകള്‍ ചമച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
പേട്ട സി.ഐ ആയിരുന്ന എസ്. വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലും കെ.കെ. ജോഷ്വ അഞ്ചും ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്.ബി. ശ്രീകുമാര്‍ ഏഴും പ്രതികളാണ്. സിറ്റി പൊലീസ് കമീഷണറായിരുന്ന വി. ആര് രാജീവന്, എസ്.ഐ ആയിരുന്ന തമ്ബി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഗൂഢാലോചന സംബന്ധിച്ച് സി.ബി.െഎയുടെ വിശദ അന്വേഷണത്തിനെതിരെ ഗുജറാത്ത് മുന്‍ ഡി.ജി.പി ആയിരുന്ന ആര്.ബി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നമ്ബി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനല്‍ കേസില്‍ കുടുക്കാന്‍ ശ്രമമെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.