ശബരിമല മകര വിളക്ക് ഉത്സവത്തിനൊരുങ്ങി.

ശബരിമല അയ്യപ്പ സന്നിധാനം മണ്ഡല പൂജക്കൊരുങ്ങി. ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷ യാത്ര 25ന് വൈകിട്ട് സന്നിദാനത്തെത്തും. പതിനെട്ടാം പടിക്ക് മുകളിലായി കൊടിമരത്തിന് മുന്നില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു, ബോര്‍ഡ് അംഗം കെ എസ് രവി, ദേവസ്വം കമ്മീഷണര്‍ ബി എസ് തിരുമേനി തുടങ്ങിയവരും മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന തങ്കയങ്കിയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. 26ന് തങ്കയങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കുന്നതോടെ മണ്ഡല കാലത്തിന് സമാപനം കുറിക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇത്തവണ ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് തങ്കയങ്കി സോപാനത്തില്‍ വച്ച് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. ശേഷം 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന നടക്കും. രാത്രി 8.30ന് അത്താഴ പൂജയ്ക്ക് ശേഷം 8.50 ന് ഹരിവരാസനം പാടി ഒന്‍പതിന് നട അടയ്ക്കും. 26 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. 26ന് രാവിലെ 11.40നും ഉച്ചയ്ക്ക് 12.20നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടക്കുക. 25 നും 26നും ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 26ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല പൂജ ഉത്സവത്തിനും സമാപനമാകും. മകര വിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകുന്നേരം ക്ഷേത്രനട വീണ്ടും തുറക്കും. ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകര വിളക്ക് ഉത്സവ കാലം. ഡിസംബര്‍ 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 ന് ആണ് മകര വിളക്ക്.
/റിലീസ്/