സര്‍ക്കാര്‍ വഞ്ചിച്ചു; വീണ്ടും സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍.
കോഴിക്കോട്: പ്രധാന റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാറായിട്ടും നിയമനങ്ങള്‍ നടപ്പിലാക്കാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റ് കാലാവധി രണ്ടാഴ്ചകൂടെ മാത്രമെ ശേഷിക്കുന്നുള്ളു എന്നിരിക്കെയാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന് മുന്‍പും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തിയപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് സര്‍ക്കാര്‍ നിയമനം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ജില്ലകളില്‍ ഒഴികെ നിയമനം കാര്യമായി നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രനാളായിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്നതിനാലാണ് ഉദ്യോഗാര്‍ഥികള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
പുതിയ റാങ്ക് പട്ടികകള്‍ നിലവില്‍ വരുന്നതു വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഇതിന്റെ ഭാഗമായി എല്‍പിഎസ്എ, യുപിഎസ്എ, എച്ച്എസ്എ അധ്യാപക തസ്തികകളുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സമരം ആരംഭിച്ചു. 22നു സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം തുടങ്ങാനാണ് ഉദേശിക്കുന്നതെന്ന് എല്‍ഡി ക്ലാര്‍ക്ക് പട്ടികയിലുള്ളവര്‍ അറിയിച്ചു.
അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിഞ്ഞതിന് ശേഷം മാത്രമായിരിക്കും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (എല്‍ജിഎസ്) പട്ടികയിലുള്ളവര്‍ സമരത്തിനിറങ്ങുക.