സ്വപ്‌നയുടെ കാര്യത്തില്‍ മാത്രം ഓവര്‍ ഡിപ്ലോമസി; ഒന്നുമറിയാതെ ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: സ്വപ്‌നയുടെ കാര്യം ചോദിച്ചാല്‍ മാത്രം ആഭ്യന്തരവകുപ്പിന് ഒന്നും അറിയില്ലെന്ന് മറുപടി. നിയമസഭയില്‍ സ്വപ്ന സുരേഷ് വിഷയത്തില്‍ സ്വപ്നയെയും പോലീസിനെയും പൂര്‍ണമായി സംരക്ഷിച്ചാണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
2020 ജൂലൈയില്‍, സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് നിന്ന് ഒളിവില്‍ പോയി കൊല്ലം, ആലപ്പുഴ, എറണാകുളം, ജില്ലകളില്‍ താമസിച്ചിരുന്നോ, വെളിപ്പെടുത്തുമോ എന്ന എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ ചോദ്യത്തിന് സ്വപ്ന സുരേഷിനെ ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തതായാണ് അറിവായിട്ടുള്ളതെ്ന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. സ്വപ്ന സുരേഷ് ട്രിപ്പിള്‍ ലോക് ഡൗണ്‍ സമയത്ത് നടത്തിയതായി പറയുന്ന യാത്രകളുടെ വിവരങ്ങളോ, ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളോ പോലീസ് വകുപ്പില്‍ ലഭ്യമല്ല. പോലീസ് ഉദ്യോഗസ്ഥര്‍ എന്തെങ്കിലും സഹായം ചെയ്തതായി ശ്രദ്ധയില്‍പെട്ടിട്ടില്ല.
തുടര്‍ന്നുള്ള ആറ് ഉപചോദ്യങ്ങള്‍ക്കും ഇതേ മറുപടി തന്നെ. ട്രിപ്പിള്‍ ലോക് ഡൗണ്‍ ലംഘിച്ച് സ്വപ്‌ന ഒളിവില്‍ പോയതെവിടെയെന്ന് അറിയില്ല. പോലീസില്‍ ആരും സഹായിച്ചെന്ന് അറിയില്ല. അവര്‍ക്ക് ഒളിത്താവളം ഒരുക്കിയത് ആരെന്ന് അറിയില്ല , ട്രിപ്പിള്‍ ലോക് ഡൗണ്‍ സമയത്ത് ജില്ല അതിര്‍ത്തി സ്വപ്‌ന എങ്ങനെയാണ് കടന്നതെന്നറിയില്ല. സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ അറിയില്ല. ശബ്ദ സന്ദേശത്തിന്റെ ഉറവിടം അറിയില്ല. ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്ത സ്ഥലമറിയില്ല; ശബ്ദ സന്ദേശം പുറത്ത് വിട്ടത് ആരെന്നറിയില്ല- ഇങ്ങനെ വിചിത്രമായി ഒഴിഞ്ഞുമാറുന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഇത് സ്വ്പനയെ സംരക്ഷിക്കാനോ, അതോ പോലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനോ എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകള്‍ നിലനില്‍ക്കുമ്പോള്‍ ഇവര്‍ക്ക് കേരളം വിടുന്നതിന് ഉന്നതതല സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തന്റെ കീഴിലുള്ള സേനയെ പരമാവധി സംരക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടികളൊക്കെയും. എന്തിനും ഏതിനും വ്യക്തമായി മറുപടി പറയുന്ന മുഖ്യമന്ത്രി സ്വപ്‌ന സുരേഷിന്റെ കാര്യത്തില്‍ മാത്രം ഓവര്‍ ഡിപ്ലോമസി കാണിക്കുന്നതെന്തുകൊണ്ടാണെന്ന് കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.