BusinessLatest NewsUncategorized

എംജി ജോർജിന്റെ മരണത്തിന് പിന്നാലെ മുത്തൂറ്റ് ഫിനാൻസിന് ഓഹരി വിപണിയിൽ വൻ ഇടിവ്

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരിയിൽ വൻ ഇടിവ്. രണ്ട് മാസത്തിനിടയിൽ ഇതാദ്യമായാണ് സ്ഥാപനത്തിന്റെ ഓഹരിയിൽ ഇത്രയും ഇടിവുണ്ടായിരിക്കുന്നത്. കേരളം ആസ്ഥാനമായി പ്രവർത്തിച്ചു പോന്ന സ്ഥാപനത്തെ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് ചെയർമാനായിരുന്ന എം ജി ജോർജ്ജായിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്ഥാപനത്തിന്റെ വിപണി മൂലധനം എട്ട് മടങ്ങായാണ് വർദ്ധിച്ചത്. 1993 ലാണ് എം ജി ജോർജ്ജ് മുത്തൂറ്റ് ചെയർമാനായി ചുമതലയേൽക്കുന്നത്. രാജ്യവ്യാപകമായി 4,500 ലധികം ശാഖകളാണ് മൂത്തുറ്റിനുള്ളത്. അവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനും വിപണി ഉയർത്തുന്നതിലുമുള്ള അദ്ദേഹത്തിന്റ പങ്ക് വളരെ വലുതായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മുത്തൂറ്റ് ചെയർമാനായ എം ജി ജോർജ്ജിന്റെ മരണം. 2020 ഒക്‌ടോബറിൽ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ കണക്കുകൾ പ്രകാരം മലയാളികളിൽ ഒന്നാമതായിരുന്നു മൂത്തുറ്റിന്റെ എം ജി ജോർജ്ജ്. 480 കോടി ഡോളർ (ഏകദേശം 35,000 കോടി രൂപ) ആയിരുന്നു അദ്ദേഹത്തിന്റെ ആസ്തി. അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരുടെ ആസ്തിയും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ മൂല്യവും കണക്കാക്കിയുള്ളതാണ് ഈ സമ്പത്ത്.

മാർച്ച് അഞ്ചിനാണ് ഡെൽഹിയിലെ വീടിന്റെ നാലാം നിലയിൽ നിന്നും വീണ് എംജി ജോർജ്ജ് (71) മരിച്ചത്. ഡെൽഹി പൊലീസും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം നടത്തിയിരുന്നു. മരണത്തിൽ ഇതുവരെ ദുരൂഹതകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. മരണത്തിൽ അന്വേഷണം നടക്കുകയാണെന്നും കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി വരുകയാണെന്നുമായിരുന്നു ഡെൽഹി പൊലീസിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button