CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews

കൊവിഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് ഇനി കൂട്ടിരിപ്പുകാരും.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാനാണ് നിർദേശം.
കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് ഇക്കാര്യത്തിൽ നിര്‍ദേശം നല്‍കിയതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും ശൈലജ ടീച്ചർ പറഞ്ഞു.
രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കൊവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയ ശേഷമാകും കൂട്ടിരിപ്പുകാരെ അനുവദിക്കുക. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണമെന്ന നിർദേശവും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്.
കൂട്ടിരിക്കുന്നയാൾ നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവരായിരിക്കണം. കൂട്ടിരിക്കുന്നയാൾ രേഖാമൂലമുള്ള സമ്മതം നൽകണം. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുമെന്നും, അവർ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button