വാക്‌സിന്‍ നല്‍കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പിഴ ചുമത്തിയാല്‍ കോവിഡ് മാറുമോയെന്ന് പത്മജ
തൃശൂര്‍: വാക്‌സിന്‍ നല്‍കാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പിഴ ചുമത്തിയാല്‍ കോവിഡ് മാറുമോ എന്ന ചോദ്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാല്‍ രംഗത്ത്. ‘വാക്‌സിന്‍ കരിഞ്ചന്തക്കെതിരെ ജനസമക്ഷത്തിലേക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ റിലേ പദയാത്രയുടെ ജില്ലതല ഉദ്ഘാടനം തൃശൂര്‍ നടുവിലാലില്‍ നിര്‍വഹിക്കുകയായിരുന്നു പത്മജ.
വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ പിരിച്ചെടുത്തെന്നും എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ വാങ്ങി നല്‍കാതെ കേന്ദ്രത്തിന്റെ സൗജന്യം കാത്തിരിക്കുന്നിടത്തോളം രോഗവ്യാപനം കൂടുകയേയുള്ളൂ എന്നും പത്മജ വിമര്‍ശിച്ചു. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ഷാമം നേരിടുകയും സ്വകാര്യ മേഖലയില്‍ ലഭിക്കുകയും ചെയ്യുന്നത് കരിഞ്ചന്തക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിന് സമമാണെന്നും അവര്‍ പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് പദയാത്രയില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ 55 ഡിവിഷനിലും നഗരസഭകളിലെ 210 വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളിലെ 1300 വാര്‍ഡുകളിലുമായി 110 മണ്ഡലങ്ങളില്‍ റിലേ പദയാത്ര നടത്തി.