ഹാഥ്രസിൽ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് സി.ബി.ഐയുടെ കുറ്റപത്രം.

ഹാഥ്രസ് / ഉത്തർപ്രദേശിലെ ഹാഥ്രസിൽ ദളിത് പെണ്‍കുട്ടിയെ പ്രതികളായവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് സി.ബി.ഐയുടെ കുറ്റപത്രം. ഹാഥ്രസിലെ കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപ്പത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതികള്‍ക്കെതിരെ എസ്.സി / എസ്. ടി (അതിക്രമങ്ങൾ തടയല്‍) നിയമപ്രകാരമുള്ള കുറ്റം സി.ബി.ഐ ചുമത്തിയിട്ടുണ്ട്. ഡിസംബർ പത്തിനുള്ളിൽ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് നവംബർ 25ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ അന്വേഷണത്തിന് കൂടുതൽ സമയം സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27ലേക്ക് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ നാലുപേർ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്നത്. ഡല്‍ഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 29ന് പെൺകുട്ടി മരണപ്പെടുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുമതിയില്ലാതെ സെപ്റ്റംബർ 30ന് അധികൃതർ മൃതദേഹം അര്‍ദ്ധരാത്രി സംസ്കരിച്ചത് വൻ പ്രതിഷേധങ്ങൾ ഉണ്ടാക്കി.