കണക്ക് തെറ്റിച്ചതിന് പത്താം ക്ലാസുകാരന്റെ കൈ ഒടിച്ച സംഭവം, കേസ് ഒതുക്കുന്നതായി ആരോപണം

കീഴ്മാട്: സ്കൂള്‍ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ ആലുവ പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിന്റെ ഭാഗമായി ബന്ധുക്കള്‍ക്ക് കേസിന്റെ എഫ്.ഐ.ആര് കോപ്പി നല്കാതിരിക്കാന് ശ്രമം നടന്നിരുന്നു. വൈകിയാണ് കോപ്പി നല്‍കിയത്.
കുട്ടമശ്ശേരി ഗവ.സ്കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. കണക്ക് ക്ലാസില്‍ തെറ്റുപറ്റിയതിനാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
ചികിത്സക്ക് പ്രവേശിപ്പിച്ച ആലുവ ജില്ല ആശുപത്രിയില്‍നിന്ന് പൊലീസിന് വിവരം നല്‍കിയെങ്കിലും തിങ്കളാഴ്ചയാണ് മൊഴിയെടുത്തത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന നിലപാടാണ് സ്കൂള്‍ അധികൃതര്‍ തുടക്കത്തില്‍ എടുത്തത്. നാട്ടുകാരും ബന്ധുക്കളും പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് കേെസടുക്കാന്‍ പൊലീസ് തയാറായത്. ഇതിനിടെ, കുട്ടിയെ മര്‍ദിച്ചെന്ന പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു. കൂടുതല്‍ അന്വേഷണം വേണം. മറ്റ് വിദ്യാര്‍ഥികളുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും എസ്.ഐ പറഞ്ഞു.