തെരഞ്ഞെടുപ്പ് പരാജയം, ബിന്ദു കൃഷ്ണയും, നെയ്യാറ്റിൻകര സനിലും,ടി ജെ വിനോദും,വി കെ ശ്രീകണ്ഠനും തെറിച്ചു.

തിരുവനന്തപുരം/ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിറകെ കോൺഗ്രസ് നാല് ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നു. സംസ്ഥാനത്തെ 4 ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വം ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെയാണ് മാറ്റുന്നത്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര സനിൽ, കൊല്ലത്ത് ബിന്ദു കൃഷ്ണ, എറണാകുളത്ത് ടി ജെ വിനോദ്, പാലക്കാട് വി കെ ശ്രീകണ്ഠൻ എന്നിവർക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനങ്ങൾ നഷ്ടമാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫിനേറ്റ കനത്ത പരാജയത്തിന്റെ വെളിച്ചത്തിൽ നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. കെ സി വേണുഗോപാലാണ് ഈ നിർദേശം മുഖ്യമായും കേന്ദ്ര നേതൃത്വത്തിന്റെ മുന്നിൽ വെച്ചതെന്നാണ് വിവരം. ഇതേ തുടർന്നാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായത്. കോഴിക്കോട്, തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലെല്ലാം ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന നിർദേശമാണ് മുന്നോട്ടു വന്നതെങ്കിലും, ആദ്യപടിയായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍
സംസ്ഥാന നേതൃത്വ നിരയിൽ ശക്തമായ ഇടപെടല്‍ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് വിവരം.