CinemaLatest NewsNational

ബ്രാഹ്മണിസത്തെ പിഴുതെറിയണമെന്ന് കന്നഡ നടന്‍ ചേതന്‍, പരാതി

ബെംഗളൂരു: കന്നഡ സിനിമ നടന്‍ ചേതന്‍ കുമാറിനെതിരെ പരാതിയുമായി കര്‍ണാടക ബ്രാഹ്മണ വികസന ബോര്‍ഡ്. ബ്രാഹ്മണത്തെ പിഴുതെറിയണമെന്ന താരത്തിന്റെ ട്വീറ്റാണ് വിവാദമായിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ബ്രാഹ്മണിസം, തുല്യതയ്ക്കും സാഹോദര്യത്തിനും എതിരാണത്. നമ്മല്‍ അതിനെ ഇല്ലാതാക്കണമെന്നും ചേതന്‍ കുറിച്ചു. അംബേദ്കറിന്റെ വാചകമായിരുന്നു ചേതന്‍ പങ്കുവെച്ചത്. നമ്മളെല്ലാം തുല്യരായിട്ടാണ് പിറന്നത്, എന്നാല്‍ ബ്രാഹ്മണര്‍ മാത്രം ഉന്നത വിഭാഗക്കാരും, ബാക്കിയുള്ളവര്‍ കീഴ് ജാതിക്കാരോ തൊട്ടുകൂടാത്തവരോ എന്നത് വെറും കാപട്യവും അസംബന്ധവുമാണെന്ന് ഇതോടൊപ്പം തന്നെ ചേതന്‍ കുറിച്ചിട്ടുണ്ട്. ഇത് പെരിയാറിന്റെ വാചകമാണ്.

ഈ രണ്ട് പേരുടെയും വാക്കുകള്‍ പങ്കുവെച്ചതാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്. സംഭവത്തില്‍ ആരാധകര്‍ ഒന്നടങ്കം ചേതന് പിന്തുണയുമായി രംഗത്തുണ്ട്. ജാതി വ്യവസ്ഥയെയാണ് ചേതന്‍ ചോദ്യം ചെയ്തതെന്നാണ് പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാല്‍ ബ്രാഹ്മണ വികസന കോര്‍പ്പറേഷന്‍ ചേതനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സച്ചിദാനന്ദ മൂര്‍ത്തി ചേതന്‍ തങ്ങളുടെ വിഭാഗത്തിന്റെ വികാരത്തെ ഹനിച്ചെന്ന് കുറ്റപ്പെടുത്തി. താരം മാപ്പു പറയണമെന്നാണ് ആവശ്യം.

ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്തിനാണ് പരാതി നല്‍കിയത്. എന്നാല്‍ താരത്തിനെതിരെ പോലീസ് കേസെടുത്തോ എന്ന് വ്യക്തമല്ല. ചേതന്‍ കുമാറിനെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സച്ചിദാനന്ദ മൂര്‍ത്തി പറഞ്ഞു. എന്നാല്‍ പോലീസില്‍ നിന്ന് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ചേതന്‍ കുമാര്‍ പറഞ്ഞു. തന്റെ പ്രസ്താവനകള്‍ എല്ലാം വാസ്തവമാണ്. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിനോട് അനീതി കാണിക്കാന്‍ പാടില്ല. അത് സാമൂഹിക-സാമ്ബത്തിക സ്ഥിതിലാണെങ്കിലും ലിംഗപരമായും അങ്ങനെയാണെന്ന് ചേതന്‍ പറഞ്ഞു.

വിദ്യാഭ്യാസം കൊണ്ട് ലോകത്തെ മാറ്റുകയാണ് ലക്ഷ്യം. വിവേചനമില്ലാത്ത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പെരിയാറിന്റെയും അംബേദ്കറിന്റെയും പരാമര്‍ശങ്ങള്‍ പൊതുമധ്യത്തില്‍ പഠനത്തിന് ലഭ്യമായ കാര്യമാണെന്നും ചേതന്‍ വ്യക്തമാക്കി. അതാണ് താന്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാതിയില്‍ അധിഷ്ഠിത രാഷ്ട്രീയത്തെ എപ്പോഴും ചോദ്യം ചെയ്യുന്ന താരമാണ് ചേതന്‍ കുമാര്‍. നേരത്തെ നടന്‍ ഉപേന്ദ്രയെയും ഈ വിഷയത്തില്‍ ചേതന്‍ വിമര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button