ട്വിറ്ററിനെ അതൃപ്തി അറിയിച്ച് കേന്ദ്രം: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണം, ഇല്ലെങ്കിൽ നടപടി നേരിടേണ്ടി വരും

ന്യൂ ഡെൽഹി: അക്കൗണ്ടുകൾ റദ്ദാക്കാത്തതിനാൽ ട്വിറ്ററിനെ അതൃപ്തി അറിയിച്ച് കേന്ദ്രം. നിർദേശം പിന്തുടരാത്തതിനാലാണ് സമൂഹ മാധ്യമത്തെ കേന്ദ്രം അതൃപ്തി അറിയിച്ചത്. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനാൽ ട്വിറ്റർ സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും വിശദീകരണം. കേന്ദ്രം നിർദേശിച്ച മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി.
ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയിൽ പ്രവർത്തിക്കുന്നതുമായ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ അഞ്ഞൂറിലധികം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. എന്നാൽ അഭിപ്രായസ്വാതന്ത്ര്യത്തിനുളള വ്യക്തികളുടെ അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുന്നില്ലെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യ ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് ട്വിറ്റർ പറഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ നിർദേശം പാലിക്കാതെ ട്വിറ്റർ നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയവും ട്വിറ്റർ അധികൃതരും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടന്നത്.
ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മേച്ചെ, ഡെപ്യൂട്ടി ജനറൽ കൗൺസലും വൈസ് പ്രസിഡന്റുമായ ജിം ബേക്കർ എന്നിവരാണ് ട്വിറ്ററിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. ട്വിറ്ററിന്റെ ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടറായിരുന്ന മഹിമ കൗൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാജിവെച്ചിരുന്നു. ട്വിറ്റർ പ്രതിനിധി സംഘം മന്ത്രാലയം സെക്രട്ടറി അജയ് സാവ്‌നിയുമായാണ് കൂടിക്കാഴ്ച നടത്തിയത്.