പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശി റിയാസിന്റെ ഫോണില്‍ വന്ന മെസേജില്‍ നിന്നാണ് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചത്.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ഇല്ലാതാക്കും എന്ന തരത്തിലുള്ള ഭീഷണി സന്ദേശം വന്നതായി എസ്.ഐ സുരേഷ് പറഞ്ഞിരുന്നു. അത്തരത്തില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ അപയപ്പെടുത്താന്‍ രേഖകളിലാത്ത ലോറി ഉപയോഗിച്ച് കൊല്ലാം എന്നും ഇതിനായി എല്ലാവരും തയ്യാറാകണം എന്ന സന്ദേശമാണ് റിയാസിന്റെ ഫോണില്‍ നിന്നും പോലീസിന് കിട്ടിയത്.
ഗൂഢാലോചന വ്യക്തമായതോടെ പോലീസ് താമരശ്ശേരി, കൊടുവള്ളി മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.