കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്‌ട്രേറ്ററെ മാറ്റി
തൃശൂര്‍: സംസ്ഥാനത്ത് ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ സ്ഥാനത്ത് നിന്ന് മാറ്റി. എം.സി അജിത്തിനെയാണ് തല്‍ സ്ഥാനത്തുനിന്നു നീക്കിയത്. മൂന്നംഗ സമിതിക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഭരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനാണ് തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.
അതേ സമയം സി.പി.എം. നേതാക്കളുടെ ഒത്താശയോടെ കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട് ക്രൈംബ്രാഞ്ചിലെ ഒരു ഇന്‍സ്‌പെക്ടറാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സി.പി.എമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴിപഠിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നില്ലെന്നും അറസ്റ്റ് വേണമെന്നും സി.പി.എം. പ്രതികരിച്ചു.
നാല് പ്രതികളെ ആറ് ദിവസം മുന്‍പാണ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്‌ളാറ്റില്‍ നിന്ന് പി.പി.ഇ കിറ്റ് ധരിപ്പിച്ചാണ് ഇവരെ പുറത്തു കടത്തിയത്. നാലു പ്രതികളുടെ ഒളിയിടം നാട്ടുകാരാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പ്രതികളുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടില്‍ വന്നിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രതികളാരും കസ്റ്റഡിയില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.