
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വലംകൈയായിരുന്ന മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയിൽ ഭിന്നത രൂക്ഷം. ശശികലയെ തിരിച്ചെടുക്കണമെങ്കിൽ ക്ഷമാപണം നടത്തണമെന്ന് ഒരു വിഭാഗത്തിൻറെ നിലപാട്. പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ മുനിസ്വാമി ഇത് പരസ്യമായി പറഞ്ഞത്. അതിനാൽ കൂടുതൽ നേതാക്കൾ ശശികല പക്ഷത്തേക്ക് ചേക്കേറുമെന്ന സൂചന ശക്തമാണ്.
ശശികലയെ സ്വാഗതം ചെയ്ത് പോസ്റ്ററുകൾ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിൻറെ തട്ടകമായ തേനിയിലും പ്രത്യക്ഷപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 4 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കി ജനുവരി 27ന് ശശികല പുറത്തിറങ്ങിയിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ട ശശികല നന്ദിഹിൽസിനു സമീപത്തെ റിസോർട്ടിൽ വിശ്രമത്തിലാണ്. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി 3നു ചെന്നൈയിൽ എത്താനാണു ശ്രമം.
2017 ഫെബ്രുവരിയിൽ ജയിലിലേക്കു പോകുമ്പോൾ ശശികല അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട്, ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾ ലയിച്ചപ്പോൾ ജനറൽ കൗൺസിൽ യോഗം ശശികലയെ പുറത്താക്കി. ഇതിനെതിരെ ശശികല നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.