Kerala NewsLatest NewsUncategorized

ആലപ്പുഴ ബൈപാസ് മേൽപ്പാലത്തിൽ വണ്ടിനിർത്തിയുള്ള ഫോട്ടോഷൂട്ട് ; ലൈസൻസ് പോകും ; പിഴയും ഈടാക്കും

ആലപ്പുഴ: ബൈപ്പാസ് മേൽപാലത്തിൽ സദാസമയവും ഫോട്ടോ ഷൂട്ട്. നഗരവാസികളും ജില്ലക്കാരും മാത്രമല്ല അകലെ നിന്നു പോലും ജനങ്ങൾ ആലപ്പുഴയിലെത്തുകയാണ്. ലക്ഷ്യം ഒന്നു മാത്രം, മേൽപ്പാലത്തിൽ നിന്ന് ഫോട്ടോയെടുക്കണം. നാലര പതിറ്റാണ്ട് നീണ്ട ആലപ്പുഴ ബൈപ്പാസ് യാഥാർഥ്യമായതോടെയാണ് മേൽപ്പാലത്തിൽ തിരക്കും ഗതാഗതകുരുക്കും ഒഴിഞ്ഞിട്ട് നേരമില്ലാതായി.

ആലപ്പുഴയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായിട്ടാണ് ബൈപാസ് വന്നത്. എന്നാൽ ഇപ്പോൾ വലിയ ട്രാഫിക് ബ്ലോക്കിന് വേദിയാകുകയാണ് ബൈപ്പാസ്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോൾ തുമ്പോളി കഴിഞ്ഞ് കൊമ്മാടി ജംക്ഷൻ മുതൽ കളർകോട് വരെ 6.8 കിലോമീറ്ററോളം നീളുന്നതാണ് ആലപ്പുഴ ബൈപ്പാസ്.

സംസ്ഥാനത്ത് തന്നെ ബീച്ചിലൂടെയുളള ഏറ്റവും നീളമേറിയ മേൽപ്പാലം കൂടിയാണ് ആലപ്പുഴ ബൈപ്പാസ്. ഈ പ്രത്യേകതകൾ തന്നെയാണ് ബൈപ്പാസിലെ തിരക്കിന് കാരണവും. സെൽഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി യാത്രക്കാർ വാഹനങ്ങൾ പാലത്തിൽ നിർത്തിയിടുന്നത് പതിവായിക്കഴിഞ്ഞു.

രണ്ടുവരി മേൽപ്പാലത്തിൽ വാഹനം പാർക്ക് ചെയ്യാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ വലിയ ഗതാഗതക്കുരുക്കിന് ഇത് കാരണമാകുന്നു. എന്നാൽ ഇനി അതുവേണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകുന്നു.

മേൽപ്പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം 250 രൂപ പിഴ ഈടാക്കും. കൂടാതെ ആറു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനുമാണ് നീക്കം. നിലവിൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും ഇവിടെ നിരോധിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ നൽകുന്ന ബോർഡുകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കും. നോ സ്റ്റാൻഡിങ്, നോ സ്റ്റോപ്പിങ് എന്നെഴുതിയ ബോർഡുകളാണ് സ്ഥാപിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button