എടിഎമ്മില്‍ തട്ടിപ്പ്; കേരള ബാങ്കിന് നഷ്ടമായത് രണ്ടേമുക്കാല്‍ ലക്ഷം രൂപ
തിരുവനന്തപുരം: കേരള ബാങ്ക് എടിഎമ്മില്‍ പണം തട്ടിപ്പ്. വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം തട്ടിയത്. സംഭവത്തെ തുടര്‍ന്ന് കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മില്‍ നിന്നാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളില്‍ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്ന് ബാങ്ക് അറിയിച്ചു.
സോഫ്റ്റ് വെയര്‍ തകരാറാണോ തട്ടിപ്പുകാര്‍ മുതലെടുത്തതെന്ന സംശയവും ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 90000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമ്മുകളില്‍ നിന്നും നഷ്ടമായെന്നാണ് പരാതി. എന്നാല്‍ ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് കേരള ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഏത് ബാങ്കിന്റെയും എടിഎമ്മിലും മറ്റേത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം,. ഉപഭോക്താവിന് പണം കിട്ടുക, പിന്‍വലിക്കുന്ന എടിഎം ഉള്ള ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ്.
ബാങ്കിന് നഷ്ടമാകുന്ന പണം വൈകിട്ടോടെ റിസര്‍വ്വ്ബാങ്കിന്റെ സോഫ്റ്റ് വെയര്‍ മുഖേന പണം പിന്‍വലിച്ച ഉപഭോക്താവിന്റെ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ചെത്തും. എന്നാല്‍ കേരള ബാങ്കില്‍ നിന്നും തട്ടിപ്പുകാര്‍ പിന്‍വലിക്കുന്ന പണം, പിന്‍വലിക്കുന്ന ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ചെത്തുന്നില്ല. ബാങ്കിന് പണം നഷ്ടമാകുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.