ഷോപ്പിങ് മാളിൽ നടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് തിരിച്ചറിഞ്ഞു.

കൊച്ചി / കൊച്ചിയിലെ ഷോപ്പിങ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കും. കളമശേരി പൊലീസെത്തി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് പേരെയും തിരിച്ചറിയാനായത്. നടിയുമായി പൊലീസ് സംസാരിക്കുകയുണ്ടായി. നടി തയാറായാൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ഷോപ്പിങ് മാളിൽ യുവനടിയെ യുവാക്കൾ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പൊലീസിന് നിർദേശം നൽകുകയുണ്ടായി. ഭയപ്പെടാതെ ഉടൻ പ്രതികരിക്കാൻ സ്ത്രീകൾ തയാറാകണമെന്നും നടിയെ നേരിൽ കണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും ജോസഫൈൻ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തുന്നത്. അപമാനത്തിന്റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും നടി കുറിച്ചിരുന്നു.