ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്ന് ട്വിറ്റര്‍. രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടികളെ പറ്റി ആലോചിച്ച് വരികയാണ്. അതുവരെ സോഷ്യല്‍ മീഡിയയിലെ മറ്റ് പ്ലാറ്റ്ഫോമുകളില്‍ കൂടി അദ്ദേഹം നിങ്ങളോട് സംവദിക്കുന്നതായിരിക്കും എന്നെഴുതി കോണ്‍ഗ്രസ് പാര്‍ട്ടി വിവരം ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഇതിന് വിശദീകരണമായാണ് ട്വിറ്റര്‍ വക്താവ് രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി ഒന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ രാഹുല്‍ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ബന്ധുക്കളുടെ ഫോട്ടോയും ചേര്‍ത്ത് ട്വിറ്റ് ചെയ്തു.
ഇതിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു കൊണ്ട് നോട്ടീസ് അയച്ചു. സംഭവം വിവാദമായതോടെ ട്വിറ്റര്‍ രാഹുലിന്റെ ട്വിറ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ സംവദിക്കാന്‍ സാധിക്കാതെയായി.