ആർഎസ്എസിലെ 70% സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന അഭിപ്രായക്കാരായിരുന്നു; വെളിപ്പെടുത്തലുമായി അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധർമ്മ സംരക്ഷണ സമിതി ചെയർമാൻ എസ് കൃഷ്‍ണകുമാർ. സുപ്രീംകോടതി വിധിക്ക് പിന്നാലെ ആർഎസ്എസിൽ അഭിപ്രായ വ്യത്യാസമുണ്ടായി എന്നും ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നും കൃഷ്ണകുമാർ പറഞ്ഞു.
ആർഎസ്എസിലെ 70% സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന അഭിപ്രായക്കാരായിരുന്നു. 30% പേർ മാത്രമാണ് സ്ത്രീകൾ കയറരുതെന്ന നിലപാട് സ്വീകരിച്ചത്. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണമെന്നായിരുന്നു ബിജെപിയുടെ പഴയ നിലപാട്. വിധിക്ക് ഒരു വർഷം മുമ്പ് കെ സുരേന്ദ്രന് ഈ നിലപാട് വ്യക്തമാക്കിയതാണെന്നും കൃഷ്ണകുമാർ പറയുന്നു.
നാമജപ ഘോഷയാത്രക്ക് പിന്നാലെ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്നും ബിജെപി മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം കൂടിയായ കൃഷ്‍ണകുമാർ വെളിപ്പെടുത്തി. ബിജെപി വിട്ട് കഴിഞ്ഞ ദിവസം കൃഷ്‍ണകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു. സിപിഎമ്മിൽ ചേർന്നശേഷമാണ് ബിജെപി മുൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗത്തിൻറെ വെളിപ്പെടുത്തൽ.